Wednesday, February 20, 2013

ഒരു ചോദ്യം





ഹൃദയത്തില്‍ നിന്ന്
കവിതകള്‍
വാര്‍ന്നുവീണുകൊണ്ടിരിക്കുന്നു.
എടുത്തുവെക്കാന്‍ എന്‍റെ
കയ്യില്‍ ഒന്നുമില്ല.
നിന്‍റെ ഉള്ളംകയ്യില്‍
ഒരിത്തിരി ശേഖരിച്ചുകൂടെ?
ഒരു രസത്തിനെങ്കിലും?

ഒന്നുമുതല്‍ നാലുവരെ...




1.
എവിടേക്കു പോയെന്നു
ചോദിക്കരുത്
കാരണം ഇരുട്ടില്‍
മിന്നാമിനുങ്ങുകള്‍ക്ക് വഴിതെറ്റാറില്ല.

2.
സാന്ത്വനം എന്നുപറയുന്നത്
ജീവിതം മടുക്കുമ്പോള്‍
നിന്‍റെ ചിരി കൊണ്ടുവരുന്ന
നിശബ്ദതയാണോ?

3.
ആ റൂട്ടില്‍ ബസില്ല
അതുകൊണ്ടുതന്നെ
രണ്ടു വറ്റ് ഒരിക്കലും
ബസുപിടിച്ചു വരില്ല.

4.
ജനാലകള്‍ തുറന്നിടരുതെന്നു
ഞാനനിയത്തിയോടു പറയാറുണ്ട്
അവളനുസരിക്കാറില്ല
അവള്‍ക്കു ജാരന്മാരെ ഇഷ്ട്ടമാണത്രേ.

Wednesday, February 13, 2013

Viplavam





“മുട്ടുകുത്തി കേഴുന്നതിനെക്കാള്‍
നല്ലതു നിവര്‍ന്നു നിന്നു മരിക്കുന്നതാണ്”
ചുമര്‍ ചിത്രങ്ങളില്‍ പകുതിയും
മാഞ്ഞു പോയിരുന്നു.
എങ്കിലും ചുവരെഴുത്ത് പിടിച്ചുനിന്നു.


ചുവരെഴുത്തുകളും ചുമര്‍ചിത്രങ്ങളും
ഒരു നിയോഗമാണ്
കാലം കുത്തിന് പിടിച്ചു
ചോദിക്കാദിരിക്കട്ടെ
എന്തുകൊണ്ടു പോരാടിയില്ല എന്ന്.


മുലകുടി മാറാത്ത കുഞ്ഞുങ്ങള്‍പോലും
വിളിച്ചു പറയട്ടെ
Inquilab Zindabad  എന്ന്

Konkini





മഴ നനഞ്ഞ്‌
സ്വത്വം നനഞ്ഞു
നൃത്തമണ്‍ഡപത്തില്‍
ചിലങ്ക കെട്ടിയ കൊങ്കിണി
മനസ്സില്‍ തീ കോരിയിട്ടു
നാറിയ കലയുടെയല്ല
നിറഞ്ഞ കാമത്തിന്‍റെ


ചിലങ്കകള്‍ എന്നെ പുശ്ചിച്ചു
വിശുദ്ധമായതിനാലാവാം
അവക്കു തെറി വിളിക്കാന്‍
അറിഞ്ഞുകൂടായിരുന്നു.


രാത്രിയില്‍ മഴനനഞ്ഞു
തിരിച്ചു പോകുമ്പോള്‍
ചിലങ്കയുടെ ശബ്ദവും
കൊങ്കിണിയില്‍ നിന്നു
തട്ടിപ്പറിചെടുത്ത
അവളുടെ മണവും
കൂടെ കൊണ്ടുപോന്നു.

കവികള്‍




കവികള്‍ നായിന്‍റെമക്കള്‍
അവരാണിത് തുടങ്ങിവച്ചത്.
മുറിവുകള്‍
ഉണക്കാതെ സൂക്ഷിച്ചു.
വ്യഥകള്‍ കടം വാങ്ങി.
ലഹരിയെ കണ്‍കണ്ട
ദൈവമാക്കി.
പ്രണയമെന്ന വിഷം
എപ്പോഴും മുഷിഞ്ഞകുപ്പായത്തില്‍
തിരുകിവച്ചു.
രക്തബന്ധങ്ങളെ പുശ്ചിച്ചു.
സുഹൃത്തിനു അവസാന
നാണയവും ദാനംചെയ്തു.
കവികള്‍....
നായിന്‍റെമക്കള്‍...

വീട്ടിലുള്ളവര്‍




എണ്ണം പറഞ്ഞ
കണ്ണീരിനുടമ അമ്മ.
ഇടറിവീണപ്പൊഴൊക്കെയും
ഫിനീക്സ്‌ പക്ഷിയായി ഉയിര്‍ത്തെഴുന്നേറ്റു
മുന്നില്‍ വഴിതെളിച്ച് അപ്പന്‍.
ദുരിതത്തിന്‍റെ ഒരു കടലാഴം
നീന്തിക്കടന്ന് ഏട്ടന്‍.
സ്വപ്നങ്ങള്‍ക്ക് സ്വയം
വിട്ടുകൊടുത്ത് ഒരനിയന്‍.
മുനിഞ്ഞു കത്തുന്ന പാട്ടവിളക്കിനു
മുന്നില്‍ വിഡ്ഢിയായി ഈ ഞാനും.