Sunday, January 30, 2022

പൂത്തോട്ടം

എൻ്റെ വീട്ടിലെ 
മുക്കുറ്റി പൂത്തു.
ഒരിത്തിരി സൂര്യകാന്തി
പൂക്കളുടെ നിറവും 
ഒരൊറ്റ മഴയും
ഒന്നിലേറെ വേനലുമാണവക്ക് 
ഞാൻ വളമിട്ടത്.
എന്നാൽ നീ 
എൻ്റെ ഉള്ളിലെ 
സ്വപ്ങ്ങളുടെ പഴുത്തുപൊട്ടിയ
ചലം തടം കെട്ടി
വഴിതിരിച്ചു വിട്ടു.
ഇല്ലായിരുന്നുവെങ്കിൽ 
എന്നേ മുക്കുറ്റി കരിഞ്ഞേനെ!!


നിൻ്റെ വീട്ടിലെ
തെച്ചി പൂത്തു.
എൻ്റെ ഉള്ളിലെ
ഒരു തുടം ചോര 
ഞാൻ നിനക്ക് ദാനം ചെയ്തു.
നീ ചോദിക്കുമ്പോഴൊക്കെ
ഒന്നിനും വേണ്ടിയല്ലാതെ
ഇല്ലെങ്കിൽ നിൻ്റെ
തെച്ചി എന്നെ കരിഞ്ഞേനെ!!!


നാം അയൽക്കാർ
നമുക്ക് രണ്ടു പേർക്കും കൂടി
ഒരു വേലി.
അതിരു നിറയെ
രണ്ടു പേരുള്ള ഒരു പൂവ്.
എനിക്കതു നിത്യകല്യാണി. 
നിനക്കതു ശവംനാറി.


അക്കരെ ഉണ്ട് നമുക്കൊരു
തോട്ടം.
എൻ്റെ വിഷക്കൂൺ തോട്ടം.
നിൻ്റെ വൃശ്ചികതണുപ്പിൻ തോട്ടം.

വിളവെടുക്കുവാൻ
ആരാണ് വരുക?
നിന്നെ കുറിച്ചുള്ള 
എൻ്റെ സ്വപ്നങ്ങളോ 
അതോ നിൻ്റെ ജാരനോ?


ചിത്രശലഭങ്ങളുടെ കൃഷിക്ക് 
നിനക്ക് കർഷകശ്രീ 
അവയെ നെഞ്ചോടു 
ചേർത്ത് പിടിച്ചതിനു 
എനിക്ക് ജീവപര്യന്തവും!!!

Monday, June 4, 2018

ജല്‍പ്പനങ്ങള്‍...








പടിയടച്ച് പിണ്ഡം വച്ച്
കാറ്റിനെയും
വ്യഭിചരിക്കാന്‍ മഴയും
എനിക്കുവേണ്ടി നോമ്പ് നോല്‍ക്കാന്‍
വെയിലിനെയും പറഞ്ഞയച്ച്
ഞാന്‍ ഒറ്റയാനായി.

ഋതുക്കള്‍ വെറുതെയാണ്
ഒന്നിനും കൊള്ളാത്തവ.
പൊള്ളയായ ജീവിതത്തിന്‍റെ
നേര്‍രേഖകള്‍.
വരുന്നു പിന്നെ
കടന്നുപോകുന്നു.

രാത്രികളില്‍
കാട്ടുതീ പോലെ സ്വപ്നങ്ങള്‍
പടര്‍ന്നിരുന്നു.
അതിനു മുകളില്‍
പകലൊരു പേമാരിയായി.
ഇപ്പോള്‍ അകക്കണ്ണ് പോലും
നീറ്റുന്ന പുക മാത്രം ബാക്കി.

കാളരാത്രികളുടെ
ഓര്‍മ്മകളിലേക്ക്
കാര്‍ക്കോടക വിഷം
കുത്തികയറ്റുന്നതരാണോ

ഒറ്റരാത്രിയുടെ ആയുസുമായി
എത്തുന്ന ഈയ്യാംപാറ്റകളോ
അതോ
പാപങ്ങളുടെ പുഴുക്കുത്തേറ്റ്
കറുത്ത നിന്‍റെ നാക്കോ?

ദൈവമേ...
ഒരൊറ്റ പ്രാര്‍ത്ഥനയെ ഉള്ളു.
കറുത്തവാവില്‍ ഞാന്‍ നട്ട
നക്ഷ്ത്രങ്ങള്‍
വെളുത്തവാവോളം ജീവിച്ചിരിക്കണേ...

Thursday, March 1, 2018

എന്തിനുവേണ്ടി?








കണ്ണിനു പകരം
കണ്ണെന്നു ഞാന്‍
പറഞ്ഞപ്പോള്‍
കണ്ണിനു പകരം
കരളാനല്ലോ നീ പറിച്ചെടുത്തത്.

ഒന്നും മുളച്ചുപൊന്താനില്ലാത്ത
എന്‍റെ ഹൃദയത്തില്‍
ആര്‍ക്കുവേണ്ടിയാണ് നീ
പ്രതികാരത്തിന്‍റെ
വിത്ത് നടുന്നത്?

പേമാരിയുടെ
നിറവും മണവും
ഭൂകമ്പങ്ങളുടെ
അലറിക്കരച്ചിലുകളും
എന്തിനു വേണ്ടിയാണ്
നീയത് നിന്‍റെ
മണിമാലയില്‍
കോര്‍ത്ത്‌ വക്കുന്നത്?

കര കാണാത്ത
കാല്‍പ്പനികതകളും
കണ്ണുകാണാ പക്ഷികള്‍
എങ്ങുമെത്താതെ
ചിതറിതെറിച്ച സന്ധ്യകളും
നീ നിന്‍റെ
ഒറ്റവസ്ത്രമാക്കുന്നതെന്തിന്?

നിന്‍റെ ചിലങ്കയില്‍
കണ്ണീര്‍ മുത്തുകള്‍
പുലമ്പുന്നതെന്തിന്?

നീ
ചിരിക്കുന്നതെന്തിന്?

നിന്‍റെ ചിരിയില്‍
ഭ്രാന്തു പിടിച്ച
ഒരു കവിത
നെറുകയില്‍ സ്വയം
വാളോങ്ങി വെട്ടുന്നു.

നിന്‍റെ കുളിച്ചെഴുന്നള്ളതിനു
എന്‍റെ ഋതുക്കള്‍
ഞാന്‍ പണയം വെക്കുന്നു.

ഉറവ വറ്റി
ഭൂമിയിലെക്കാണ്ടിറങ്ങി
ആത്മഹത്യചെയ്ത
കിണറു ഞാന്‍.

ദു:സ്വപ്നങ്ങളുടെ
ഒരു പാതാളക്കരണ്ടി
ചളിയില്‍ പുതഞ്ഞു
കിടപ്പുണ്ട്.

ഒരു കാര്യം
ചോദിക്കട്ടെ?
ഒരിക്കലും
കൂട്ടിമുട്ടാത്ത
റെയില്‍പാളത്തില്‍
എന്‍റെ സ്വപ്‌നങ്ങള്‍
ഉണക്കാനിടുന്നത്
നീ കണ്ടിട്ടുണ്ടോ?

Friday, February 10, 2017

മൂന്നു കവിതകള്‍






1.
ചോര കൊണ്ട്
ചുവപ്പുകൊടുത്ത്
നെഞ്ചിലെ തീയില്‍
പഴുപ്പിച്ചു രാകി മിനുക്കിയ
ഒരു പച്ചിരുമ്പിന്‍റെ
കത്തിയുണ്ട്‌ കയ്യില്‍


പിഴക്കുന്ന കാലത്തിന്‍റെ
തൊണ്ടക്കുഴിക്കു
ചൂണ്ടി നിര്‍ത്തി
നേരിന്‍റെ
ഗദ്ഗദം പുറത്തെടുക്കാന്‍...

തുപ്പലിന്‍റെ നനവുപറ്റി
കീറി പറഞ്ഞ
ഒരു പുസ്തകമുണ്ട്
കയ്യില്‍

നിന്‍റെ രഹസ്യങ്ങളുടെ
കണക്കു പുസ്തകം.

കിഴക്കാം തൂക്കായ
ഒരു മലയുടെ മുകളില്‍ നിന്ന്
നോവ്‌ കുടിച്ചിറക്കുമ്പോള്‍
വായിച്ചു രസിക്കാന്‍.


പക കൊണ്ട്
പുളയുന്ന
കണ്ണുകളുണ്ടെനിക്ക്
ചൂഴ്ന്നെടുത്ത്‌ കയ്യില്‍ തരാം
കാത്തിരിപ്പിനിടയില്‍
കൊറിച്ചു തിന്നാന്‍..


2.
ദ്രവിച്ചു മുനയൊടിഞ്ഞ
എഴുത്താണിയുണ്ട്
പിന്നിപോയ
ഒരു കയറ്റുപായയുണ്ട്
ആദ്യാക്ഷരം കുറിക്കാന്‍
ചോര നക്കി പിളര്‍ന്ന
ഒരു നാവുണ്ട്.

അമ്മ
അച്ഛന്‍
പറഞ്ഞു പഠിച്ച
വാക്കുകളത്രയും
നിലത്തു വീണു
പൊടിഞ്ഞു പോകുന്നു.
എടുത്തു വച്ച
പുസ്തകങ്ങളത്രയും
ചിതലരിക്കുന്നു.

ഒന്നില്‍ നിന്ന് തുടങ്ങണം
ജീവിതത്തിന്‍റെ പാഠങ്ങളത്രയും
പൂജ്യത്തിനു വില കല്‍പ്പിക്കരുത്.



3.
ചിറകൊടിഞ്ഞ പക്ഷിക്ക്
സ്വപ്നങ്ങളില്‍
ഞാനെന്‍റെ ചിറകു
പകുത്തു നല്‍കി.

ഹൃദയത്തിന്‍റെ
ചൂട് നല്‍കി
ഞാന്‍ മെനഞ്ഞെടുത്ത
സ്വര്‍ണ്ണത്തൂവലുകള്‍
ദാനം ചെയ്തു
ഞാന്‍ കര്‍ണനായി.

ആകാശത്തിന്‍റെ ചരിവുകളില്‍
പറന്നിറങ്ങുന്ന
ആ പക്ഷിക്ക്
നിന്‍റെ മണമുണ്ട്...


Friday, November 11, 2016

ദൈവങ്ങളും എന്‍റെ വീടും







1.

ബുദ്ധന്‍റെ ആല്‍മരം
കടപുഴകുന്നു.
ചിതറിയ ചിന്തകള്‍
ലേലം കൊള്ളുന്നു
ചില്ലലമാരയില്‍
എടുത്തുവക്കാന്‍..

ജൈനന്‍ വാവിട്ടുനിലവിളിക്കുന്നു
ഇനി ഉയിര്‍ത്തെഴുന്നേറ്റാല്‍
തല്ലിക്കൊല്ലുമെന്നുo
ആരു മരണം വരിക്കാന്‍
പറഞ്ഞുവെന്നും
ക്രിസ്തുവിനോടീലോകം

നബിവചനങ്ങള്‍
ഇറയത്തുഇറക്കിവിട്ട
കടലാസുതോണികളായി
ചളിയില്‍ പുതഞ്ഞു കിടക്കുന്നു.


സകല ചെറ്റത്തരങ്ങളെയും
പൂട്ടിയ രഥത്തിനടിയില്‍
രക്തം തുപ്പുന്ന
ശ്രീ കൃഷണനും ശ്രീ രാമനും
അങ്ങിനെ മുപ്പത്തിമുക്കോടി
ദൈവങ്ങളും...


2.

ഒരു മരുപ്പച്ച
അത് തുറന്നപ്പറം ചെല്ലുന്നു
നഖങ്ങളില്‍
ഈ ജന്മത്തിന്‍റെ
പാപക്കറകള്‍ നിറഞ്ഞ
എന്‍റെ വിരലുകള്‍.

നീര്‍ച്ചോല തന്ന കുന്നിനെ
ഇടിച്ചു നിരപ്പാക്കുന്നു
ആര്‍ത്തിമൂത്ത
എന്‍റെ കണ്ണുകള്‍

സ്വപ്‌നങ്ങള്‍
തൊടുത്തുവിട്ട ആകാശത്തില്‍
അമ്ലമഴ പെയ്യിക്കുന്നു
ദുരാചാരങ്ങള്‍
കൊടികുത്തി വാഴുന്ന
എന്‍റെ ഹൃദയം


ഇന്നു നിന്‍റെ
പൊക്കിള്‍കൊടി തുരന്നു
കുടല്‍മാല പുറത്തെത്തിച്ച
കഴുകജന്മങ്ങള്‍
ഒളിവില്‍ പാര്‍ക്കുന്നു ഇവിടെ

നരാധമന്‍മാരുടെ നാട്
എന്‍റെ വീട്... 

Thursday, May 19, 2016

ശവം നാറിപ്പൂക്കള്‍









ശവംനാറി പൂക്കളുടെ
ഒരു പൂന്തോട്ടമുണ്ടെനിക്ക്

കാലഹരണപ്പെട്ട് പോയ
ഒരു കവിതയും
വിറയ്ക്കുന്ന വിരലുകളാല്‍
എടുത്തുവെച്ച
ഒരു തുള്ളി വിഷവും
സമം ചേര്‍ത്താണ്
ഞാനെന്‍റെ
പൂന്തോട്ടത്തില്‍ തളിക്കുന്നത്.

വസന്തത്തെ
വരവുവയ്ക്കാറില്ല
കൊടിയ വേനലിലാണ്
അവ പുഷ്പ്പിക്കാറുള്ളത്

നിന്‍റെ അടിവയറ്റിന്‍റെ
ചൂടുതട്ടി വളര്‍ന്ന്
അമ്ലമഴകള്‍
പേമാരി പെയ്യുന്ന രാത്രിയില്‍
അവ തളിരുടുന്നു

സുഗന്ധവും
സൌന്ദര്യവും എനിക്ക്

നിനക്കറിയുമോ

നിലത്തുവീണു
ചിതറിയ സന്ധ്യകളുടെ
ഒരു ശകലo
ഞാന്‍ വേലിയില്‍
കുത്തിനിര്‍ത്തിയിട്ടുണ്ട്

ഇരുട്ടിന്‍റെ മണമുള്ള
നിന്‍റെ കടന്നുകയറ്റം
അവസാനിപ്പിക്കാന്‍....


Saturday, January 2, 2016

ഞാന്‍!!!








കുലം വിട്ടു
കാവ് തീണ്ടി
ഊരുവിലക്ക് ഏര്‍പ്പെട്ടവന്‍ ഞാന്‍...

ഇന്നു
നാല്‍ക്കവലകളിലെല്ലാം
വിപ്ലവം നടുന്നു
വളര്‍ന്നു വന്നൊരു
ബോധിവൃക്ഷമാവാന്‍..

ഇന്നു കൂരിരുട്ടില്‍
മിന്നാമിനുങ്ങിനെ നട്ടും
പച്ചവെയിലില്‍
മരുപ്പച്ചതീര്‍ത്തും ഞാന്‍..


ചോര്‍ന്നൊലിക്കുന്ന
കൂരയില്‍
സ്വപ്നം തറച്ചും
ഒതുങ്ങിയ വയറില്‍
അക്ഷരം നിറച്ചും ഞാന്‍

പൊടിക്കാറ്റെറ്റു
വിയര്‍പ്പു വീണു നേടിയ
ഒരു പൊതിച്ചോര്‍
പങ്കുവെച്ചും
കൂട്ടുകാരന്‍റെ
വിയര്‍പ്പില്‍ പങ്കുപറ്റിയും
ഞാന്‍...

പെറ്റിട്ട ഗര്‍ഭപാത്രം
കരയുമ്പോള്‍
കണ്ണീര്‍ തുടച്ചും
വളഞ്ഞു പോയ
ആ മനുഷ്യന്‍റെ
ഊന്നുവടിയായും ഞാന്‍..

കാറ്റിനെ പിടിച്ചുകെട്ടി
ദിക്കുകളെ മാറ്റിമറിച്ചു
ഇന്നു കാലത്തെ വെല്ലുവിളിക്കുന്നു

കുലം വിട്ടു
കാവ് തീണ്ടി
ഊരുവിലക്കേര്‍പ്പെട്ടവന്‍...

ചുരുട്ടിയ മുഷ്ട്ടിയും
തിളയ്ക്കുന്ന നോട്ടവും നിനക്ക്...
നിന്‍റെ നിര്‍ജീവതക്ക്...
നിന്‍റെ ഞെട്ടറ്റു വീണ നാക്കിന്...
നിന്‍റെ കെട്ടിയ കൈകള്‍ക്ക്...
നിന്‍റെ അടിയറവു വച്ച തലച്ചോറിന്...


ഇന്നു ഞാന്‍ പ്രാണന്‍റെ
ചോരയില്‍ വിരല്‍ മുക്കി
ഇന്ക്വിലാബിനു
ചുവപ്പിന്‍റെ തടം കോരും..
സ്വാതന്ത്ര്യം കൊതിക്കുന്ന കൈകള്‍ക്ക്
വളമായിമാറാന്‍...

കുലം വിട്ട്
കാവുതീണ്ടി
ഊരുവിലക്ക്‌ ഏര്‍പ്പെട്ടവന്‍ ഞാന്‍....!!!