Friday, October 23, 2015

യക്ഷി

ഇടനെഞ്ചില്‍
ആണിതറച്ച്
തളച്ചൊരു യക്ഷിയുണ്ട്.
കുന്നിനു മുകളില്‍
മഴ പെയ്യുന്നതും
കാറ്റിരമ്പുന്നതും
അവളറിയും.

ദാഹിച്ചുവലഞ
അവളുടെ നാവ്
എന്‍റെ പ്രജ്ഞയിലിഴയുന്നതും
പ്രാണന്‍റെ
നീല ഞരമ്പുകളില്‍
ദ്രമ്ഷ്ട പതിയുന്നതും
എനിക്കു കാണാം.

രാത്രിയുടെ നിശബ്ദതക്കു
താളം പിടിച്ച്
മുടിയഴിച്ചിട്ട് പാടുന്നത്
എനിക്കു കേള്‍ക്കാം.

നിലം തൊടാതെ
നടക്കുന്ന കാലുകളില്‍
എന്‍റെ ഹൃദയമിടിപ്പ്‌
പാദസ്വരമായി
കിലുങ്ങുന്നതു കാണാം.

പാലാപ്പൂമണമുള്ള
ഉടലില്‍ എന്‍റെ
ചിന്തകള്‍ക്കു ചൊരുക്ക്പിടിക്കാറുണ്ട്.

കരിമഷി എഴുതിയ
കണ്ണില്‍ നീ നിറക്കുന്നത്
കാമത്തിന്‍റെ ഒരു
രാത്രികാലം...

നിന്‍റെ ചിരി..
അതിന്‍റെ ലഹരിയില്‍
മുങ്ങിത്താഴുന്നൊരു
പൌര്‍ണ്ണമി...

Sunday, October 18, 2015

ഏറ്റുപറച്ചില്‍
പുസ്തകങ്ങളെ
പുണര്‍ന്നു നില്‍ക്കുന്ന
എന്‍റെ ഉച്ചമയക്കത്തിന്‍റെ
ഉഷ്ണങ്ങളിലേക്ക്
ഒരു മഴ
പകുതിയെത്തുമ്പോഴാണ്
എന്നില്‍ ഒരാലസ്യം കുടനിവര്‍ത്തുന്നത്.

 പുതുമണ്ണിന്‍റെ
ഗന്ധം പിടിച്ചു
സര്‍പ്പങ്ങള്‍ ഇഴയുന്നടത്താണു
എന്‍റെ പകല്സ്വപ്നങ്ങള്‍
വഴിപിഴക്കുന്നത്‌.

എന്‍റെ ഉള്ളറകളില്‍
നിന്‍റെമൂടുപടം എടുത്തുമാറ്റത്ത
മുഖം പ്രത്യക്ഷപെടുമ്പോഴാണ്
ഞാന്‍ പ്രണയപരവശനാകുന്നത്.

മഴയുടെ പകര്‍ച്ചകള്‍
നിന്നില്‍ തനിയാവര്‍ത്തനം
നടത്തുമ്പോഴാണ്
നീ
ഒരേ സമയം
സത്യവും മിത്യയുമാവുന്നത്..