Sunday, July 21, 2013

രണ്ടുവരി കവിതകള്‍




Life…
എച്ചില്‍ കൂമ്പാരങ്ങള്‍ക്കിടയില്‍
ഒരു വറ്റിനായ്‌ തപ്പുന്നവനുവേണ്ടി.

Love…
പോട്ടിപോയതെന്തോ
കൂട്ടിയോജിപ്പിക്കാന്‍ ശ്രമിക്കുന്നവനുവേണ്ടി

Like…
വഴിയിലെവിടെയോ നഷ്ട്ടപ്പെട്ട
സ്വപ്നങ്ങളെ തിരയുന്നവനുവേണ്ടി

Lust…
വിജനതയില്‍ മുറ്റിനില്‍ക്കുന്ന ഇരുളില്‍
അലിയുന്ന നിശബ്ദതക്കു വേണ്ടി

Loneliness...
ചോരവാര്‍ന്നുകൊണ്ടിരിക്കുന്ന സന്ധ്യയുടെ
സൌന്ദര്യത്തെ സ്നേഹിക്കുന്നവനുവേണ്ടി

Lost…
സമയവും ജീവസ്പന്ദനവും
നിലച്ചുപോയ ഏതോ ആത്മാവിനുവേണ്ടി.


Tuesday, July 2, 2013

പങ്കുവെക്കല്‍



കറുപ്പ് കാകന്
വെളുപ്പ്‌ കൊറ്റിക്ക്
അഴുക്ക് എനിക്ക്
നിലക്കാത്ത സമസ്യകള്‍
ഇതള്‍ വിരിയുന്ന
പൂവ് നിനക്ക്
കാലം നമുക്ക്
കാറ്റ് പങ്കിട്ടെടുക്കാം
കടലും നിലാവും
നറുക്കിട്ടെടുക്കാം
ഋതുക്കള്‍ വില്‍ക്കാം
ബാക്കിയുള്ളത് മുഴുവന്‍
ചുരുട്ടിക്കെട്ടി കത്തിക്കാം.

Sunday, June 23, 2013

എഴുതാന്‍ മറന്നവ....



എഴുതിവെച്ചതൊക്കെയും
നുണകള്‍.
എഴുതാന്‍ ബാക്കിയായവക്ക്
ഒരു ദര്‍ഭമോതിരം.
കാറ്റിന് തീ പിടിച്ച്
കവിതകള്‍ പൊട്ടിച്ചീറ്റുമ്പോള്‍
വെടിമരുന്നിന്‍റെ മണം
നിന്‍റെ ചോരക്ക്.
ഇരുട്ടുവാക്കിനു ഒരു
നിശ്ചല സ്വപ്നം
പൂക്കുമ്പോള്‍
സന്ധിബന്ധങ്ങള്‍ വിട്ട്
തകര്‍ന്നു വീഴുന്ന ഒരു
ജീവിതരാഗം.
അതിന്‍റെ വിഹ്വലതകള്‍...

Friday, June 7, 2013

എന്‍റെ കവിതകള്‍






എന്‍റെ ഉള്ളിലെ കവിതകള്‍
പുറത്തുപോയിരിക്കയാണ്‌
കടലുകാണാന്‍....
തീരത്ത് ദുര്‍ഗന്ധം
വമിക്കുന്ന മലമൂത്രവിസര്‍ജനങ്ങള്‍ക്കിടയില്‍
അവ സ്വഛ്ചന്ദ൦ പാറിനടന്നു.
സൂര്യാസ്തമനം ആസ്വദിച്ചു
ആരൊക്കെയോ പകുതിയാക്കിയിട്ട
ചുംബനങ്ങള്‍ ചിപ്പിയിലെടുതുവച്ചു.
അവര്‍ കടല്‍പ്പറവകളെ
കൊഞ്ഞനം കുത്തി.
വൃത്തികെട്ട ഞണ്ടുകളെ
കബളിപ്പിച്ചു.
ആരോ ഉയര്‍ത്തിവിട്ട ബലൂണിനെ
കുത്തിപൊട്ടിച്ചു രസിച്ചു
കാറ്റിനൊപ്പം ഐസ്ക്രീം നുണയുകയും
മണല്‍വീടുകെട്ടികളിക്കുകയും ചെയ്തു
ഒടുവില്‍ അവ എന്‍റെ അടുത്ത് തന്നെ
തിരിച്ചെത്തി.
കടല്‍ക്കാറ്റിനാല്‍ ദ്രവിച്ചു
മുറിവുകള്‍ ഉപ്പേറ്റു പുകഞ്ഞ്.
അപ്പോഴും നഷ്ട്ടം എനിക്കുതന്നെ.

Monday, May 27, 2013

ഇനി......




മൌനമേ
നീ പറയുവതെന്തും
മാണിക്യക്കല്ലുകള്‍.

സമയമേ
എടുത്തുകൊള്‍ക
പകുതി മരിച്ച
പതിതന്‍റെ ഹൃദയം.

പ്രണയമേ തരിക
വരണ്ടു പോയ നാവില്‍
ഒരു തുള്ളി വിഷം.

കാലമേ പറയുക
കാത്തിരിപ്പിന്‍റെ
അവസാനം മരണമെന്ന്...

Saturday, May 25, 2013

ഇതെന്‍റെ ലോകം





ഇതാ ഏതാണെന്‍റെ ലോകം
നോക്കുക തെരുവിലെ അഴുക്കുചാലില്‍
വീണുകിടക്കുന്നുണ്ട് ധാര്‍മികത.
ഇരുട്ടിന്‍റെ മറവില്‍ നിന്നു
പുറത്തുവന്ന്
പകലില്‍ സമൂഹത്തിന്‍റെ കണ്‍മുന്നില്‍
കാമവെറിയും കൊലപാതകവു൦.
ഈയിടെ വര്‍ത്തമാനപത്രത്തില്‍
വായിക്കയുണ്ടായി
‘ഒരുവള്‍ തന്‍റെ കന്യാച്ചര്‍മം
ലേലത്തിനു വെച്ചു’വെന്ന്.
ഒരുവന്‍ അതു സ്വന്തമാക്കുകയും ചെയ്തു
കോടികള്‍ക്ക്.
പണം..... പണം..... പണം....
നോക്ക്
ഭ്രാന്തനായി ജല്‍പ്പിച്ചലയുന്നു
സംസ്കാരം.
നിന്‍റെ മുമ്പില്‍
ചാരിത്ര്യവിശുദ്ധി കളങ്കപ്പെട്ടു
നില്‍ക്കുന്നു പൈതൃകം.
നീ എന്താണെന്ന് നിനക്കറിയുമോ?
നിന്നെ സൃഷ്ടിച്ചത്
നിരത്തില്‍ തുപ്പലും പൊടിയും
പിടിച്ചു കിടന്ന ഒരു
ബീജവും അണ്ഡവും
പെറുക്കിചേര്‍ത്തല്ല
ഒരു മഹത്തായ
സ്നേഹത്തിന്‍റെയും സ്വപ്നത്തിന്‍റെയും
ഉത്തരമാണ് നീ.
നീ ആഗോളവത്കരണത്തിന്‍റെ ഭാഗമായ്
കവറിലിട്ടു ബാര്‍കോട് തുന്നിവച്ച
ഒരുല്‍പ്പന്നമല്ല
മനസിലാക്ക് നായേ.
പക്ഷെ, ഒന്നുണ്ട് ലോകം മാറി.
എങ്ങനെ?
അമ്മയുടെ മുലപ്പാല്‍ പോലും
പാക്കറ്റിലാക്കി വിതരണം
ചെയ്യുന്ന നാടാണിത്
അച്ഛന്‍ മകളോടും
സഹോദരന്‍ പെങ്ങളോടും
തെണ്ടിത്തരം കാണിക്കുന്ന നാട്
പണമുണ്ടെങ്കില്‍ എന്തും ചെയ്യാം
ഏതും വാങ്ങാം
സ്നേഹം വാങ്ങാനാവില്ല
എന്ന് തോന്നുന്നോ?
വിഡ്ഢി! അതും വാങ്ങാം.
ഒരു ക്രിസ്തുവിനും
നബിക്കും ബുദ്ധനും
ശ്രീരാമനും മാറ്റാനാവില്ല
ഈ ലോകത്തെ.
ഇതു നാറികളുടെ ലോകമാണ്
തന്തക്കു പിറക്കാത്ത
നാറികളുടെ ലോകം.

Saturday, May 18, 2013

ഒരു മരിച്ച പ്രണയത്തിന്




പകുത്തുമാറ്റപ്പെട്ട
ഹൃദയത്തിനുള്ളില്‍ നീ
കവിതകള്‍ കനലായി
എടുത്തുവെച്ചിട്ടുണ്ട്.
മദ്യച്ചഷകങ്ങള്‍
കൂട്ടിമുട്ടുന്ന രാത്രിയില്‍
അതു വീണ്ടുമെരിയും.
പുകഞ്ഞു പുറത്തെത്തുന്ന പുക
നാഡീഞ്ഞെരമ്പുകളെ
ശ്വാസം മുട്ടിക്കും.
എനിക്കറിയാം
അപ്പോഴും നീ ചിരിക്കും
നിന്‍റെ പ്രിയതമന്‍റെ വിരലുകള്‍
നിന്‍റെ അടിവയറ്റിനെ
ചൂടുപിടിപ്പിക്കുമ്പോള്‍......

Friday, May 17, 2013

സരസ്വതിടീച്ചര്‍ക്ക്





എന്നെപോലെ
തലതെറിച്ച
എത്രയോ പേര്‍ക്ക്
അറിവിന്‍റെ,
വെളിച്ചത്തിന്‍റെ
വാതായനങ്ങള്‍ തുറന്നുതന്ന്‍
മാതൃസ്നേഹത്താല്‍
ശകാരിച്ചു
സ്വയം അമ്മയായ
സരസ്വതിട്ടീച്ചര്‍ക്ക്...

നാളെകളില്‍...






കാലം മാറും മറയും
സൌമ്യയും ടി പിയും
ഇന്നലത്തെ പത്രത്താളുകള്‍ മാത്രമാവും.

സംസ്കാരം
ഒരു ചീട്ടുകൊട്ടാരം പോലെ
തകര്‍ന്നടിയും.
അതിന്‍റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ക്കിടന്നു
ജീവിക്കാനവാതെ നീ തന്നെ
അതു തീവച്ചു നശിപ്പിക്കും

കാലം മാറും മറയും
ശാസ്ത്രം അതിനുതന്നെ
അമ്പലം പണിയും
നീ യന്ത്രമനുഷ്യനാവും
ചൊവ്വയില്‍ വെള്ളമുണ്ടന്നല്ല
മറിച്ചു,
നിന്‍റെ തന്ത
ഒരു ചൊവ്വാക്കാരനാണെന്ന്
നീ പറയും.


കാലം മാറും മറയും
പാലസ്തീനും സോമാലിയായും
നിനക്കു ആറ്റംബോംബ്
പരീക്ഷിക്കാനുള്ള ഇടമാകും
അവിടുത്തെ മനുഷ്യര്‍
പരീക്ഷണപന്നികളാകും
ചെഗുവേരയും ഗാന്ധിയും
മദ്യക്കുപ്പികളുടെ ബ്രാന്‍ഡ്‌നെയ്മുകളാകും


കാലം മാറും മറയും
നിന്‍റെ പിന്‍ഗാമികള്‍
നിന്നെയും പുശ്ചിക്കും.

Tuesday, March 12, 2013

Nashttangal





ആകാശം കാണിക്കാതെ
പുസ്തകത്താളിന്നുള്ളില്‍
ഒളിപ്പിച്ച മയില്‍പ്പീലിക്ക്‌
തീ പിടിച്ചു.
നിന്‍റെ പൊട്ടിപ്പോയ
പാദസരത്തിന് ക്ഷയം.
നീ തന്ന വളപ്പൊട്ടിനു
വര്‍ണ്ണാന്ധത.
നിന്‍റെ പേരെഴുതി ഞാനെടുതുവച്ച
ആ ചുവന്ന റോസാപ്പൂവിതളിനു
ലുക്കീമിയ.

Wednesday, February 20, 2013

ഒരു ചോദ്യം





ഹൃദയത്തില്‍ നിന്ന്
കവിതകള്‍
വാര്‍ന്നുവീണുകൊണ്ടിരിക്കുന്നു.
എടുത്തുവെക്കാന്‍ എന്‍റെ
കയ്യില്‍ ഒന്നുമില്ല.
നിന്‍റെ ഉള്ളംകയ്യില്‍
ഒരിത്തിരി ശേഖരിച്ചുകൂടെ?
ഒരു രസത്തിനെങ്കിലും?

ഒന്നുമുതല്‍ നാലുവരെ...




1.
എവിടേക്കു പോയെന്നു
ചോദിക്കരുത്
കാരണം ഇരുട്ടില്‍
മിന്നാമിനുങ്ങുകള്‍ക്ക് വഴിതെറ്റാറില്ല.

2.
സാന്ത്വനം എന്നുപറയുന്നത്
ജീവിതം മടുക്കുമ്പോള്‍
നിന്‍റെ ചിരി കൊണ്ടുവരുന്ന
നിശബ്ദതയാണോ?

3.
ആ റൂട്ടില്‍ ബസില്ല
അതുകൊണ്ടുതന്നെ
രണ്ടു വറ്റ് ഒരിക്കലും
ബസുപിടിച്ചു വരില്ല.

4.
ജനാലകള്‍ തുറന്നിടരുതെന്നു
ഞാനനിയത്തിയോടു പറയാറുണ്ട്
അവളനുസരിക്കാറില്ല
അവള്‍ക്കു ജാരന്മാരെ ഇഷ്ട്ടമാണത്രേ.

Wednesday, February 13, 2013

Viplavam





“മുട്ടുകുത്തി കേഴുന്നതിനെക്കാള്‍
നല്ലതു നിവര്‍ന്നു നിന്നു മരിക്കുന്നതാണ്”
ചുമര്‍ ചിത്രങ്ങളില്‍ പകുതിയും
മാഞ്ഞു പോയിരുന്നു.
എങ്കിലും ചുവരെഴുത്ത് പിടിച്ചുനിന്നു.


ചുവരെഴുത്തുകളും ചുമര്‍ചിത്രങ്ങളും
ഒരു നിയോഗമാണ്
കാലം കുത്തിന് പിടിച്ചു
ചോദിക്കാദിരിക്കട്ടെ
എന്തുകൊണ്ടു പോരാടിയില്ല എന്ന്.


മുലകുടി മാറാത്ത കുഞ്ഞുങ്ങള്‍പോലും
വിളിച്ചു പറയട്ടെ
Inquilab Zindabad  എന്ന്

Konkini





മഴ നനഞ്ഞ്‌
സ്വത്വം നനഞ്ഞു
നൃത്തമണ്‍ഡപത്തില്‍
ചിലങ്ക കെട്ടിയ കൊങ്കിണി
മനസ്സില്‍ തീ കോരിയിട്ടു
നാറിയ കലയുടെയല്ല
നിറഞ്ഞ കാമത്തിന്‍റെ


ചിലങ്കകള്‍ എന്നെ പുശ്ചിച്ചു
വിശുദ്ധമായതിനാലാവാം
അവക്കു തെറി വിളിക്കാന്‍
അറിഞ്ഞുകൂടായിരുന്നു.


രാത്രിയില്‍ മഴനനഞ്ഞു
തിരിച്ചു പോകുമ്പോള്‍
ചിലങ്കയുടെ ശബ്ദവും
കൊങ്കിണിയില്‍ നിന്നു
തട്ടിപ്പറിചെടുത്ത
അവളുടെ മണവും
കൂടെ കൊണ്ടുപോന്നു.

കവികള്‍




കവികള്‍ നായിന്‍റെമക്കള്‍
അവരാണിത് തുടങ്ങിവച്ചത്.
മുറിവുകള്‍
ഉണക്കാതെ സൂക്ഷിച്ചു.
വ്യഥകള്‍ കടം വാങ്ങി.
ലഹരിയെ കണ്‍കണ്ട
ദൈവമാക്കി.
പ്രണയമെന്ന വിഷം
എപ്പോഴും മുഷിഞ്ഞകുപ്പായത്തില്‍
തിരുകിവച്ചു.
രക്തബന്ധങ്ങളെ പുശ്ചിച്ചു.
സുഹൃത്തിനു അവസാന
നാണയവും ദാനംചെയ്തു.
കവികള്‍....
നായിന്‍റെമക്കള്‍...