Showing posts with label പ്രണയം. Show all posts
Showing posts with label പ്രണയം. Show all posts

Friday, February 10, 2017

മൂന്നു കവിതകള്‍






1.
ചോര കൊണ്ട്
ചുവപ്പുകൊടുത്ത്
നെഞ്ചിലെ തീയില്‍
പഴുപ്പിച്ചു രാകി മിനുക്കിയ
ഒരു പച്ചിരുമ്പിന്‍റെ
കത്തിയുണ്ട്‌ കയ്യില്‍


പിഴക്കുന്ന കാലത്തിന്‍റെ
തൊണ്ടക്കുഴിക്കു
ചൂണ്ടി നിര്‍ത്തി
നേരിന്‍റെ
ഗദ്ഗദം പുറത്തെടുക്കാന്‍...

തുപ്പലിന്‍റെ നനവുപറ്റി
കീറി പറഞ്ഞ
ഒരു പുസ്തകമുണ്ട്
കയ്യില്‍

നിന്‍റെ രഹസ്യങ്ങളുടെ
കണക്കു പുസ്തകം.

കിഴക്കാം തൂക്കായ
ഒരു മലയുടെ മുകളില്‍ നിന്ന്
നോവ്‌ കുടിച്ചിറക്കുമ്പോള്‍
വായിച്ചു രസിക്കാന്‍.


പക കൊണ്ട്
പുളയുന്ന
കണ്ണുകളുണ്ടെനിക്ക്
ചൂഴ്ന്നെടുത്ത്‌ കയ്യില്‍ തരാം
കാത്തിരിപ്പിനിടയില്‍
കൊറിച്ചു തിന്നാന്‍..


2.
ദ്രവിച്ചു മുനയൊടിഞ്ഞ
എഴുത്താണിയുണ്ട്
പിന്നിപോയ
ഒരു കയറ്റുപായയുണ്ട്
ആദ്യാക്ഷരം കുറിക്കാന്‍
ചോര നക്കി പിളര്‍ന്ന
ഒരു നാവുണ്ട്.

അമ്മ
അച്ഛന്‍
പറഞ്ഞു പഠിച്ച
വാക്കുകളത്രയും
നിലത്തു വീണു
പൊടിഞ്ഞു പോകുന്നു.
എടുത്തു വച്ച
പുസ്തകങ്ങളത്രയും
ചിതലരിക്കുന്നു.

ഒന്നില്‍ നിന്ന് തുടങ്ങണം
ജീവിതത്തിന്‍റെ പാഠങ്ങളത്രയും
പൂജ്യത്തിനു വില കല്‍പ്പിക്കരുത്.



3.
ചിറകൊടിഞ്ഞ പക്ഷിക്ക്
സ്വപ്നങ്ങളില്‍
ഞാനെന്‍റെ ചിറകു
പകുത്തു നല്‍കി.

ഹൃദയത്തിന്‍റെ
ചൂട് നല്‍കി
ഞാന്‍ മെനഞ്ഞെടുത്ത
സ്വര്‍ണ്ണത്തൂവലുകള്‍
ദാനം ചെയ്തു
ഞാന്‍ കര്‍ണനായി.

ആകാശത്തിന്‍റെ ചരിവുകളില്‍
പറന്നിറങ്ങുന്ന
ആ പക്ഷിക്ക്
നിന്‍റെ മണമുണ്ട്...


Sunday, October 18, 2015

ഏറ്റുപറച്ചില്‍




പുസ്തകങ്ങളെ
പുണര്‍ന്നു നില്‍ക്കുന്ന
എന്‍റെ ഉച്ചമയക്കത്തിന്‍റെ
ഉഷ്ണങ്ങളിലേക്ക്
ഒരു മഴ
പകുതിയെത്തുമ്പോഴാണ്
എന്നില്‍ ഒരാലസ്യം കുടനിവര്‍ത്തുന്നത്.

 പുതുമണ്ണിന്‍റെ
ഗന്ധം പിടിച്ചു
സര്‍പ്പങ്ങള്‍ ഇഴയുന്നടത്താണു
എന്‍റെ പകല്സ്വപ്നങ്ങള്‍
വഴിപിഴക്കുന്നത്‌.

എന്‍റെ ഉള്ളറകളില്‍
നിന്‍റെമൂടുപടം എടുത്തുമാറ്റത്ത
മുഖം പ്രത്യക്ഷപെടുമ്പോഴാണ്
ഞാന്‍ പ്രണയപരവശനാകുന്നത്.

മഴയുടെ പകര്‍ച്ചകള്‍
നിന്നില്‍ തനിയാവര്‍ത്തനം
നടത്തുമ്പോഴാണ്
നീ
ഒരേ സമയം
സത്യവും മിത്യയുമാവുന്നത്..


Saturday, May 18, 2013

ഒരു മരിച്ച പ്രണയത്തിന്




പകുത്തുമാറ്റപ്പെട്ട
ഹൃദയത്തിനുള്ളില്‍ നീ
കവിതകള്‍ കനലായി
എടുത്തുവെച്ചിട്ടുണ്ട്.
മദ്യച്ചഷകങ്ങള്‍
കൂട്ടിമുട്ടുന്ന രാത്രിയില്‍
അതു വീണ്ടുമെരിയും.
പുകഞ്ഞു പുറത്തെത്തുന്ന പുക
നാഡീഞ്ഞെരമ്പുകളെ
ശ്വാസം മുട്ടിക്കും.
എനിക്കറിയാം
അപ്പോഴും നീ ചിരിക്കും
നിന്‍റെ പ്രിയതമന്‍റെ വിരലുകള്‍
നിന്‍റെ അടിവയറ്റിനെ
ചൂടുപിടിപ്പിക്കുമ്പോള്‍......

Thursday, December 27, 2012

ഓര്‍മകള്‍



നിഴല്‍വീണുകറുത്ത
നാട്ടുവഴികള്‍
നമുക്കുചുറ്റും
ഓര്‍മകളായി
നീണ്ടുനിവര്‍ന്നു കിടക്കുന്നു..
പറയാന്‍ ബാക്കിവെച്ച
പ്രണയം മുഴുവന്‍
കരിയിലകള്‍ക്കിടയില്‍
തേങ്ങിക്കരഞ്ഞു കിടപ്പുണ്ട്‌.....



And at last decided to publish some personal stuff here.