Tuesday, January 21, 2014

സമ്പാദ്യശീലം


പഠിക്കുന്ന കാലത്ത്
സഞ്ചയിക തന്ന ശീലമാണ്
സൂക്ഷിച്ചുവയ്ക്കുക എന്നത്.

പിന്നീട്
എനിക്ക്  കൌതുകം തോന്നിയവയൊക്കെ
ഞാന്‍ എടുത്തുവെച്ചു.

ഗാന്ധിജിയുടെ ഒരു
മൂലപോയ സ്റ്റാമ്പ്‌,
ഒരു ക്രൂശിതരൂപം,
സില്‍ക്ക് സ്മിതയുടെ ഒരു
ഫോട്ടോ,
പുസ്തകങ്ങള്‍,
പിന്നെ നിന്‍റെ പുഛ്‌ചച്ചിരി,
വഴിയില്‍ ആരോ ഇട്ടേച്ചുപോയ
കളര്‍ പോയ സ്വപ്നം.
അങ്ങിനെ പലതും.

കാലങ്ങള്‍ക്കിപ്പുറം
ഒരു ചെറുചിരിയോടെ
ഇവയോരോന്നും കയ്യിലെടുത്തു
എന്നിലെ എന്നെ
വേര്‍തിരിച്ചെടുക്കാന്‍ ശ്രമിക്കുകയാണു ഞാന്‍.

Sunday, July 21, 2013

രണ്ടുവരി കവിതകള്‍




Life…
എച്ചില്‍ കൂമ്പാരങ്ങള്‍ക്കിടയില്‍
ഒരു വറ്റിനായ്‌ തപ്പുന്നവനുവേണ്ടി.

Love…
പോട്ടിപോയതെന്തോ
കൂട്ടിയോജിപ്പിക്കാന്‍ ശ്രമിക്കുന്നവനുവേണ്ടി

Like…
വഴിയിലെവിടെയോ നഷ്ട്ടപ്പെട്ട
സ്വപ്നങ്ങളെ തിരയുന്നവനുവേണ്ടി

Lust…
വിജനതയില്‍ മുറ്റിനില്‍ക്കുന്ന ഇരുളില്‍
അലിയുന്ന നിശബ്ദതക്കു വേണ്ടി

Loneliness...
ചോരവാര്‍ന്നുകൊണ്ടിരിക്കുന്ന സന്ധ്യയുടെ
സൌന്ദര്യത്തെ സ്നേഹിക്കുന്നവനുവേണ്ടി

Lost…
സമയവും ജീവസ്പന്ദനവും
നിലച്ചുപോയ ഏതോ ആത്മാവിനുവേണ്ടി.


Tuesday, July 2, 2013

പങ്കുവെക്കല്‍



കറുപ്പ് കാകന്
വെളുപ്പ്‌ കൊറ്റിക്ക്
അഴുക്ക് എനിക്ക്
നിലക്കാത്ത സമസ്യകള്‍
ഇതള്‍ വിരിയുന്ന
പൂവ് നിനക്ക്
കാലം നമുക്ക്
കാറ്റ് പങ്കിട്ടെടുക്കാം
കടലും നിലാവും
നറുക്കിട്ടെടുക്കാം
ഋതുക്കള്‍ വില്‍ക്കാം
ബാക്കിയുള്ളത് മുഴുവന്‍
ചുരുട്ടിക്കെട്ടി കത്തിക്കാം.

Sunday, June 23, 2013

എഴുതാന്‍ മറന്നവ....



എഴുതിവെച്ചതൊക്കെയും
നുണകള്‍.
എഴുതാന്‍ ബാക്കിയായവക്ക്
ഒരു ദര്‍ഭമോതിരം.
കാറ്റിന് തീ പിടിച്ച്
കവിതകള്‍ പൊട്ടിച്ചീറ്റുമ്പോള്‍
വെടിമരുന്നിന്‍റെ മണം
നിന്‍റെ ചോരക്ക്.
ഇരുട്ടുവാക്കിനു ഒരു
നിശ്ചല സ്വപ്നം
പൂക്കുമ്പോള്‍
സന്ധിബന്ധങ്ങള്‍ വിട്ട്
തകര്‍ന്നു വീഴുന്ന ഒരു
ജീവിതരാഗം.
അതിന്‍റെ വിഹ്വലതകള്‍...

Friday, June 7, 2013

എന്‍റെ കവിതകള്‍






എന്‍റെ ഉള്ളിലെ കവിതകള്‍
പുറത്തുപോയിരിക്കയാണ്‌
കടലുകാണാന്‍....
തീരത്ത് ദുര്‍ഗന്ധം
വമിക്കുന്ന മലമൂത്രവിസര്‍ജനങ്ങള്‍ക്കിടയില്‍
അവ സ്വഛ്ചന്ദ൦ പാറിനടന്നു.
സൂര്യാസ്തമനം ആസ്വദിച്ചു
ആരൊക്കെയോ പകുതിയാക്കിയിട്ട
ചുംബനങ്ങള്‍ ചിപ്പിയിലെടുതുവച്ചു.
അവര്‍ കടല്‍പ്പറവകളെ
കൊഞ്ഞനം കുത്തി.
വൃത്തികെട്ട ഞണ്ടുകളെ
കബളിപ്പിച്ചു.
ആരോ ഉയര്‍ത്തിവിട്ട ബലൂണിനെ
കുത്തിപൊട്ടിച്ചു രസിച്ചു
കാറ്റിനൊപ്പം ഐസ്ക്രീം നുണയുകയും
മണല്‍വീടുകെട്ടികളിക്കുകയും ചെയ്തു
ഒടുവില്‍ അവ എന്‍റെ അടുത്ത് തന്നെ
തിരിച്ചെത്തി.
കടല്‍ക്കാറ്റിനാല്‍ ദ്രവിച്ചു
മുറിവുകള്‍ ഉപ്പേറ്റു പുകഞ്ഞ്.
അപ്പോഴും നഷ്ട്ടം എനിക്കുതന്നെ.

Monday, May 27, 2013

ഇനി......




മൌനമേ
നീ പറയുവതെന്തും
മാണിക്യക്കല്ലുകള്‍.

സമയമേ
എടുത്തുകൊള്‍ക
പകുതി മരിച്ച
പതിതന്‍റെ ഹൃദയം.

പ്രണയമേ തരിക
വരണ്ടു പോയ നാവില്‍
ഒരു തുള്ളി വിഷം.

കാലമേ പറയുക
കാത്തിരിപ്പിന്‍റെ
അവസാനം മരണമെന്ന്...

Saturday, May 25, 2013

ഇതെന്‍റെ ലോകം





ഇതാ ഏതാണെന്‍റെ ലോകം
നോക്കുക തെരുവിലെ അഴുക്കുചാലില്‍
വീണുകിടക്കുന്നുണ്ട് ധാര്‍മികത.
ഇരുട്ടിന്‍റെ മറവില്‍ നിന്നു
പുറത്തുവന്ന്
പകലില്‍ സമൂഹത്തിന്‍റെ കണ്‍മുന്നില്‍
കാമവെറിയും കൊലപാതകവു൦.
ഈയിടെ വര്‍ത്തമാനപത്രത്തില്‍
വായിക്കയുണ്ടായി
‘ഒരുവള്‍ തന്‍റെ കന്യാച്ചര്‍മം
ലേലത്തിനു വെച്ചു’വെന്ന്.
ഒരുവന്‍ അതു സ്വന്തമാക്കുകയും ചെയ്തു
കോടികള്‍ക്ക്.
പണം..... പണം..... പണം....
നോക്ക്
ഭ്രാന്തനായി ജല്‍പ്പിച്ചലയുന്നു
സംസ്കാരം.
നിന്‍റെ മുമ്പില്‍
ചാരിത്ര്യവിശുദ്ധി കളങ്കപ്പെട്ടു
നില്‍ക്കുന്നു പൈതൃകം.
നീ എന്താണെന്ന് നിനക്കറിയുമോ?
നിന്നെ സൃഷ്ടിച്ചത്
നിരത്തില്‍ തുപ്പലും പൊടിയും
പിടിച്ചു കിടന്ന ഒരു
ബീജവും അണ്ഡവും
പെറുക്കിചേര്‍ത്തല്ല
ഒരു മഹത്തായ
സ്നേഹത്തിന്‍റെയും സ്വപ്നത്തിന്‍റെയും
ഉത്തരമാണ് നീ.
നീ ആഗോളവത്കരണത്തിന്‍റെ ഭാഗമായ്
കവറിലിട്ടു ബാര്‍കോട് തുന്നിവച്ച
ഒരുല്‍പ്പന്നമല്ല
മനസിലാക്ക് നായേ.
പക്ഷെ, ഒന്നുണ്ട് ലോകം മാറി.
എങ്ങനെ?
അമ്മയുടെ മുലപ്പാല്‍ പോലും
പാക്കറ്റിലാക്കി വിതരണം
ചെയ്യുന്ന നാടാണിത്
അച്ഛന്‍ മകളോടും
സഹോദരന്‍ പെങ്ങളോടും
തെണ്ടിത്തരം കാണിക്കുന്ന നാട്
പണമുണ്ടെങ്കില്‍ എന്തും ചെയ്യാം
ഏതും വാങ്ങാം
സ്നേഹം വാങ്ങാനാവില്ല
എന്ന് തോന്നുന്നോ?
വിഡ്ഢി! അതും വാങ്ങാം.
ഒരു ക്രിസ്തുവിനും
നബിക്കും ബുദ്ധനും
ശ്രീരാമനും മാറ്റാനാവില്ല
ഈ ലോകത്തെ.
ഇതു നാറികളുടെ ലോകമാണ്
തന്തക്കു പിറക്കാത്ത
നാറികളുടെ ലോകം.